പാലാ: പാര്‍ട്ടി വിപ്പ് ലംഘിച്ചവര്ക്കെതിരേ കര്‍ശന അച്ചടക്ക നടപടിയുമായി മുന്നോട്ടു പോകുമെന്ന് യുഡിഎഫ് നേതൃത്വം. യുഡിഎഫ് ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിന് ഇന്നലെ അരുണാപുരം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തിലാണ് ഫ്രാന്‍സിസ് ജോര്‍ജ് എംപി, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നിവര്‍ നിലപാട് വ്യക്തമാക്കിയത്.
യുഡിഎഫിന്റെ ഒന്‍പത് കൗണ്‍സിലര്‍മാരും യോഗത്തില്‍ പങ്കെടുത്തു. വിപ്പ് ലംഘിച്ചവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത് കെപിസിസി പ്രസിഡന്റിന്റെ നിര്‍ദേശമനുസരിച്ചാണ്. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചവര്‍ക്കാണ് ഡിസിസി പ്രസിഡന്റായ താന്‍ വിപ്പ് നല്‍കിയതെന്നും പാര്‍ട്ടിക്ക് വിധേയപ്പെട്ട് പ്രവര്‍ത്തിക്കാന്‍ എല്ലാവര്ക്കും കടമയുണ്ടെന്നും വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും നാട്ടകം സുരേഷ് പറഞ്ഞു.
ഐക്യജനാധിപത്യ മുന്നണിക്ക് അനുകൂലമായ ജനവിധിയെ മാനിക്കാത്തവരാണ് മുന്നണി മര്യാദ ലംഘിക്കുന്നതെന്നും അവര്‍ ജനങ്ങള്‍ക്കു മുമ്പില്‍ അപഹാസ്യരാകുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് എംപി പറഞ്ഞു. യോഗത്തില്‍ ജയ്സണ്‍ ജോസഫ്, ബിജു പുന്നത്താനം, ജിമ്മി ജോസഫ്, സന്തോഷ് കാവുകാട്ട്, എന്‍. സുരേഷ്, പ്രഫ. സതീശ് ചൊള്ളാനി, ജോര്‍ജ് പുളിങ്കാട്, തോമസ്കുട്ടി നെച്ചിക്കാട്ട്, ജോഷി വട്ടക്കുന്നേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.